തിരുവനന്തപുരം: സിഎജിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേരളം ഒരിഞ്ചുപോലും മുന്നോട്ടുപോകാതിരിക്കാനാണ് ചിലരുടെ ശ്രമം. ഉന്നതവിദ്യാഭ്യാസപദ്ധതികള്‍ക്ക് കിഫ്ബി സഹായം ഉറപ്പാക്കും. സര്‍ക്കാര്‍ തുടക്കം കുറിച്ചതൊന്നും മുടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചാൻസിലോർസ് അവാർഡ് ദാന ചടങ്ങിലാണ് മുഖ്യമത്രിയുടെ പരാമർശം. ഗവർണറുടെ സാന്നിധ്യത്തിലാണ് കിഫ്‌ബിയെ വിമർശിക്കുന്നവർക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. നേരത്തെ ധനമന്ത്രി കെ എന്‍ ബാലഗോപാലും വിഷയത്തിൽ രംഗത്ത് വന്നിരുന്നു. കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ ഗോസിപ്പ് വാര്‍ത്തകളെന്നും അത് കേരളത്തെ തകര്‍ക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സിഎജിയുടെ കരട് റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വരുകയും സഭാ സമിതി പരിശോധിക്കുകയും വേണമെന്നും ഇതൊന്നും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവര്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശന മുയര്‍ത്തുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.