ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ഭരണഘടന കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം ക്ഷേത്രത്തിലെ ഭരണപരമായ കാര്യങ്ങളിലെ ക്രമക്കേടുകളിലും ദര്‍ശനം തടയുന്നത് പോലുള്ള വിവേചനങ്ങളിലും ഇടപെടാമെന്ന് കോടതി വ്യക്തമാക്കി.
തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങള്‍ തെറ്റായാണ് നിര്‍വ്വഹിക്കുന്നതെന്ന് ആരോപിച്ച് വിശ്വാസിയായ വ്യക്തി നല്‍കിയ ഹര്‍ജി ആന്ധ്രാ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ചീഫ്ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിരസിച്ചത്. ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് കഴിയുമോയെന്ന് ചീഫ്ജസ്റ്റിസ് ചോദിച്ചു. എങ്ങനെ പൂജ നിര്‍വഹിക്കണം, തേങ്ങയുടക്കണം എന്നൊന്നും കോടതിക്ക് പറയാനാകില്ല. ക്ഷേത്രത്തിലെ ദൈനംദിന അനുഷ്ഠാന കാര്യങ്ങള്‍ ഭരണഘടന കോടതികളിലേക്ക് പോകരുത്. അതിനാല്‍ ഹൈക്കോടതി ഉത്തരവില്‍ ഇപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, ക്ഷേത്രത്തിന്‍റെ ഭരണ നിര്‍വ്വഹണം ശരിയായ രീതിയില്‍ നടക്കുന്നില്ല, ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നു തുടങ്ങിയവയാണ് പരാതികളെങ്കില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാം. ദര്‍ശനം വിലക്കുന്നത് പോലുള്ള വിവേചനങ്ങളിലും അവകാശ ലംഘനങ്ങളിലും കോടതിക്ക് ഇടപെടാം. ഹര്‍ജിക്കാരന് ഇത്തരം പരാതികളുണ്ടെങ്കില്‍ അവ പരിശോധിച്ച് ആവശ്യമായ നപടികള്‍ സ്വീകിരിക്കാന്‍ ക്ഷേത്രം അധികൃതരോട് കോടതി നിര്‍ദേശിച്ചു.