മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീംല നായക് (Bheemla Nayak). മലയാളത്തിൽ വൻ ഹിറ്റായി മാറിയ അയ്യപ്പനും കോശിയുടെയും റീമേക്കായതുതന്നെ കാത്തിരിപ്പിന് കാരണം. ഭീംല നായിക്കിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്. ജനുവരി 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഭീംല നായിക്കിന്റെ പ്രവർത്തകർ.
അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും. അയ്യപ്പനും കോശിയും തെലുങ്കിൽ എത്തുമ്പോൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ്. ‘ഭീംല നായക്’ എന്നാണ് പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെ ടൈറ്റിലായും സ്വീകരിച്ചിരിക്കുന്നത്.
സിത്താര എന്റർടെയ്‍ൻമെന്റ്‍സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പാൻ ഇന്ത്യ റിലീസ് ചിത്രമായ ആർആർആർ ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മഹേഷ് ബാബു നായകനാകുന്ന ചിത്രമായ സർക്കാരു വാരി പാട്ടയും ജനുവരി റിലീസ് ആണ്. ഇങ്ങനെ എണ്ണം പറഞ്ഞ ചിത്രങ്ങൾ ഉണ്ടെങ്കിലും റിലീസ് മാറ്റിവയ്‍ക്കാതെ ബോക്സ്ഓഫീസിൽ ഏറ്റുമുട്ടാനാണ് ഭീംല നായക് ടീമിന്റെ തീരുമാനം.
നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോശിയുടെ ഭാര്യ റൂബിയായി തെലുങ്കിൽ സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.
POWER STORM Reporting in theatres from 12th Jan, 2022! ⚡🌪#BheemlaNayak taking charge this Sankranthi at theatres near u!@PawanKalyan @RanaDaggubati #Trivikram @saagar_chandrak @MenenNithya @iamsamyuktha_ @MusicThaman @NavinNooli @vamsi84 @venupro @adityamusic @SitharaEnts pic.twitter.com/VyyxfGTHeC
— Ramesh Bala (@rameshlaus) November 16, 2021