യൂട്യൂബ് വീഡിയോകളില്‍ നിന്ന് ഡിസ് ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനുള്ള നീക്കം വിഡ്ഢിത്തമാണെന്ന് യൂട്യൂബിൻ്റെ സഹസ്ഥാപകനായ ജാവേദ് കരീം. യൂട്യൂബില്‍ ആദ്യമായി അപ് ലോഡ് ചെയ്യപ്പെട്ട ‘മീ അറ്റ് ദി സൂ’ എന്ന വീഡിയോയുടെ ഡിസ്ക്രിപ്ഷൻ മാറ്റം വരുത്തിക്കൊണ്ടാണ് ജാവേദ് കരീം തൻ്റെ പ്രതികരണം അറിയിച്ചത്.
സൈറ്റിലൂടനീളം വീഡിയോകളില്‍ ഇപ്പോള്‍ കാണിച്ചുവരുന്ന ഡിസ് ലൈക്കുകളുടെ എണ്ണം പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുമെന്ന് യൂട്യൂബ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് നേരെ ആസൂത്രിത ഡിസ്ലൈക്ക് ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് ക്രിയേറ്റര്‍മാരെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും കാണിച്ചാണ് യൂട്യൂബിൻ്റെ ഈ നീക്കം. ഇതോടെ ഒരു വീഡിയോയ്ക്ക് എത്ര ഡിസ് ലൈക്കുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആ വീഡിയോയുടെ ക്രിയേറ്റര്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.
യൂട്യൂബിൻ്റെ സഹസ്ഥാപകനായ കരീം ആണ് യൂട്യൂബില്‍ ആദ്യ വീഡിയോ അപ് ലോഡ് ചെയ്തത്. യൂട്യൂബ് പിന്നീട് ഗൂഗിളിന് വിറ്റപ്പോള്‍ അന്ന് 6.4 കോടി ഡോളര്‍ മൂല്യം വരുന്ന 137443 ഓഹരികള്‍ കരീമിന് ലഭിച്ചു. ഇത് ആദ്യമായല്ല കരീം യൂട്യൂബിലെ മാറ്റങ്ങളെ വിമര്‍ശിക്കുന്നത്. 2013 ല്‍ വീഡിയോകളില്‍ കമന്റ് ചെയ്യാന്‍ ഗൂഗിള്‍ പ്ലസ് അക്കൗണ്ട് നിര്‍ബന്ധിതമാക്കിയതിനെ കരീം വിമര്‍ശിച്ചിരുന്നു.