ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തരെ ദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിപ്പിക്കും. ക്ഷേത്രത്തിൽ പ്രസാദ ഊട്ടും ഇന്ന് ആരംഭിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വിർച്വൽ ക്യൂ മുഖേനയാണ് ദർശനം അനുവദിക്കുക. കുട്ടികളുടെ ചോറൂൺ, തുലാഭാരം എന്നിവയും ഇന്ന് തുടങ്ങും. കൊവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചാകും പ്രസാദ ഊട്ട് നടക്കുക. ഇന്ന് പുലർച്ചെ 5 ന് പ്രഭാത ഭക്ഷണം മുതലാണ് പ്രസാദ ഊട്ട് പുനരാരംഭിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം 2020 മാർച്ച് മാസത്തിൽ ക്ഷേത്രോത്സവം നടക്കുന്നതിനിടെയാണ് പ്രസാദ ഊട്ട് നിറുത്തിയത്. ക്ഷേത്രസന്നിധിയിൽ നടക്കുന്ന വിവാഹങ്ങൾക്കും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവാഹ മണ്ഡപത്തിൽ അനുവദിക്കുന്ന 10 പേർക്ക് പുറമേ മണ്ഡപത്തിന് താഴെ 10 പേർക്കും 4 ഫോട്ടോഗ്രാഫർക്കും കൂടി അനുമതി നൽകും. ശബരിമല തീർത്ഥാടകർക്ക് ഇന്ന് മുതൽ ദർശനത്തിന് പ്രത്യേക വരി ഏപ്പെടുത്തും. മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ ആദ്ധ്യാത്മിക പരിപാടികളും കലാപരിപാടികളും ഇന്ന് മുതൽ പുനരാരംഭിക്കും.