കൊച്ചി:മുൻ മിസ് കേരള അൻസി കബീർ (ancy kabeer)ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമയുടെ മൊഴി ഇന്നെടുക്കും.ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയി മൊഴി നൽകുന്നതിനായി ഇന്ന് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകും. രാവിലെ പത്ത് മണിയോടെ ഹാജരാകാനാണ് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്.
ഹോട്ടലിലെ ഡി വി ആർ മാറ്റിയത് റോയ് ടെകനീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്.ഇടുക്കിയിലായിരുന്ന ടെക്നീഷ്യനെ റോയ് വിളിച്ചത് വാട്സ് അപ് കോളിൽ ആണെന്നും കണ്ടെത്തി.അതേസമയം ദൃശ്യങ്ങൾ മാറ്റിയെങ്കിലും എൻ വി ആറിൻ്റെ കാര്യം വിട്ടു പോയി. പൊലീസിന് ലഭിച്ചത് എൻവിആറിലെ ദ്യശ്യങ്ങൾ മാത്രമാണ്. യുവതികളുമായി തർക്കമുണ്ടായ ദുശ്യങ്ങളാണ് ഡി വി ആറിലുള്ളത്. തർക്കം നടക്കുമ്പോൾ റോയിയും സംഭവസ്ഥലത്തുണ്ടെന്നതിന് തെളിവും പൊലീസിന് ലഭിച്ചു.
അതിനിടെ കേസിലെ പ്രതിയായ വാഹനം ഓടിച്ച അബ്ദുൾ റഹ്മാന് കോടതി ഇന്നലെ ജാമ്യം നൽകിയിരുന്നു. വൈകിട്ട് ജുഡീഷ്യൽ’ കസ്റ്റഡിയിൽ കാക്കനാട്ടെ ബോഴ്സ്റ്റൽ ജയിലേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ജാമ്യ ഉത്തരവ് വന്നത്. സമയം വൈകിയതിനാൽ ഇന്നലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല.രാവിലെ ജാമ്യ ഉത്തരവ് ഹാജരാക്കിയ ശേഷം അബ്ദുൾ റഹ്മാന് പുറത്തിറങ്ങാനാവും. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ഇതേ കാരണം മൂലം ഇന്നലെ മൂന്ന് മണിക്കൂർ മാത്രമാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്