തിരുവനന്തപുരം: സിഎജിയുടെ (CAG) സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം എന്നതിന് മറുപടിയുമായി കിഫ്ബി. സ്പെഷ്യൽ ഓഡിറ്റിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് കിഫ്ബിയുടെ പ്രതികരണം. സിഎജി നൽകിയ 76 പ്രാഥമിക നിരീക്ഷണങ്ങൾക്ക് മറുപടി നൽകിയെന്നും കിഫ്ബി വിശദീകരിച്ചു.
മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു. സ്പെഷ്യൽ ഓഡിറ്റിൽ സിഎജിക്ക് നൽകിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. കിഫ്ബിയുടെ വിശദീകരണത്തിന്മേൽ സിഎജി പരിശോധന നടത്തുകയാണ്.
സിഎജി റിപ്പോർട്ടിന് പിന്നാലെ സ്പെഷ്യൽ ഓഡിറ്റ് വിവരങ്ങളും പുറത്തുവന്നതോടെ കിഫ്ബി പ്രതിരോധത്തിലായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കിഫ്ബി പദ്ധതികളുടെ കാലതാമസവും ചെലവുകളിലെ വീഴ്ചകളും സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ ഉയർത്തികാട്ടുന്നു. ഈ വർഷം ഏപ്രിലിൽ റിപ്പോർട്ട് സർക്കാരിനെ കൈമാറിയെങ്കിലും ഇത് ധനവകുപ്പ് പുറത്തുവിട്ടിരുന്നില്ല.