മനാമ: ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ്ലൈനിലും തട്ടിപ്പുകാര്‍ വിലസുന്നു. ബഹ്റൈനിലെ ചെറുകിട കച്ചവടക്കാര്‍, പ്രത്യേകിച്ച് പ്രവാസികളാണ് ഇത്തരം തട്ടിപ്പുകാരുടെ മുഖ്യ ഇരകള്‍.അടുത്തിടെ വിവിധ കടകളില്‍ തട്ടിപ്പു നടത്തിയ സംഭവങ്ങളില്‍ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
പലവിധത്തിലാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങുന്നതാണ് ഒരു രീതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന കടകളിലെത്തി പരിശോധന നടത്തുകയും പണം വാങ്ങുകയും ചെയ്യുന്നതാണ് മറ്റൊരു തട്ടിപ്പ്. സ്ത്രീകള്‍ എത്തി കടയിലുള്ളവരെ കെട്ടിപ്പിടിക്കുകയും തുടര്‍ന്ന് പഴ്സ് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നതാണ് മറ്റൊരു രീതി.
കോള്‍ഡ് സ്റ്റോറുകളിലും കഫറ്റീരിയകളിലും മറ്റും എത്തുന്ന തട്ടിപ്പുകാര്‍ വാഹനങ്ങളിലിരുന്ന് തന്നെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. ഉടമ വാഹനത്തിെന്റ അടുത്തെത്തി സാധനങ്ങള്‍ നല്കുമ്പോള് തട്ടിപ്പുകാര്‍ പണം നല്‍കാതെ മുങ്ങുകയാണ് ചെയ്യുക. സ്ത്രീകളും ഇങ്ങനെ തട്ടിപ്പ് നടത്തുന്നവരിലുണ്ട്.
അറാദില്‍ മലയാളി നടത്തുന്ന കഫറ്റീരിയയിലെത്തി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ രണ്ട് സ്ത്രീകളെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം തട്ടിപ്പ് പതിവായി നടക്കാറുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. മുങ്ങാന്‍ ശ്രമിച്ച തട്ടിപ്പുകാരെ തടയാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍നിന്ന് പിടിവിട്ട് വീണ് പരിക്കേല്‍ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എല്‍.എം.ആര്.എയില്‍ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ വ്യാപാര സ്ഥാപനങ്ങളിലെത്തി പരിശോധന നടത്തിയ സംഭവവും അടുത്തിടെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ തട്ടിപ്പു നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
തിരിച്ചറിയല്‍ കാര്‍ഡ് ഒന്നും ഇല്ലാതെയാണ് മലയാളികളുടെ കടകളില്‍ ഉള്‍പ്പെടെ എത്തി ഇയാള്‍ തട്ടിപ്പിനു ശ്രമിച്ചത്. സ്ഥാപനത്തിൻറെ പേരില്‍ പിഴ അടക്കാന്‍ ഉണ്ടെന്നും ഉടന്‍ തന്നെ പണം നല്‍കണമെന്നും ഇയാള്‍ കടയുടമയോട് പറഞ്ഞു. എന്നാല്‍, പിഴ അടക്കാനുള്ള സാഹചര്യം ഇല്ലായിരുന്നതിനാല്‍ കടയുടമ സംശയം ഉന്നയിച്ചു.
കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കുറച്ചുകഴിഞ്ഞു വരാമെന്ന് പറഞ്ഞ് ഇയാള്‍ മറ്റൊരു കടയിലേക്ക് പോവുകയായിരുന്നു. ചില കടകളില്‍നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു.
സ്ത്രീകള്‍ കടകളില്‍ എത്തി അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ പതിവാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞയാഴ്ച മനാമയിലെ ഒരു വര്‍ക്ക്ഷോപ്പിലെത്തിയ സ്ത്രീ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി. രാവിലെ വര്‍ക്ക്ഷോപ്പ് തുറക്കുന്ന സമയത്തെത്തിയ സ്ത്രീ അകത്ത് കയറി വെള്ളം ചോദിച്ചു.
വെള്ളം കുടിക്കുന്നതിനിടെ പെെട്ടന്ന് വര്‍ക്ക്ഷോപ്പ് ഉടമയെ കയറിപ്പിടിക്കുകയായിരുന്നു. ഇയാള്‍ വെപ്രാളപ്പെട്ട് കുതറിമാറി ഇറങ്ങിയോടി. പിന്നീട് തിരിച്ചുവന്നപ്പോഴാണ് മേശപ്പുറത്ത് വെച്ചിരുന്ന പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പരാതി നല്‍കിയതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
കുടവയറും കഷണ്ടിയുമുള്ളവരെ കബളിപ്പിച്ച് പണം തട്ടുന്ന വിരുതന്മാര് മനാമയിലാണ് വിലസുന്നത്. വയര്‍ കുറക്കാനും മുടി വളരാനും മരുന്നുണ്ടെന്ന് പറഞ്ഞ് ഏതെങ്കിലും പച്ചമരുന്ന് കടയിലേക്ക് വിളിച്ചുകയറ്റുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഏതാനും പച്ചമരുന്നുകള്‍ നല്കി ഭീമമായ തുക ഇൗടാക്കും. ഇരക്ക് കാര്യമായി പ്രതികരിക്കാന്‍ കഴിയാതെ നിസ്സഹായനാക്കിയാണ് ഇവര്‍ തട്ടിപ്പു നടത്തുന്നത്.