ദമ്മാം: കോവിഡ് പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ പെയ്തൊഴിയുന്ന സൗദി അറേബ്യയുടെ സാംസ്കാരിക കലാ മേഖലയുടെ ആകാശത്ത് കൂടുതല്‍ വര്‍ണ വിസ്മയങ്ങള്‍ വിരിയിക്കാന്‍ മികച്ച വിനോദക്കാഴ്ചകള്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു.
റിയാദ് സീസണിലെ വന്‍ ജനപങ്കാളിത്തത്തെ തുടര്‍ന്നാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ലോകപ്രശസ്ത കലാകാരന്മാരെ ഉള്‍പ്പെടുത്തി മികച്ച ഷോകള്‍ തയാറാക്കാന്‍ അധികൃതര്‍ തയാറാകുന്നത്. പ്രേക്ഷകലക്ഷങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച മൂന്നു മികച്ച ഷോകള്‍ സൗദിയില്‍ ഒരുക്കിയ കനേഡിയന്‍ കമ്പനിയാണ് പുതിയ പരിപാടികളുമായി രംഗത്തുള്ളത്.
പരിപാടികള്‍ വിസ്മയകരമായി. ജനപങ്കാളിത്തവും ആവേശവും അത്ഭുതപ്പെടുത്തി. അതുകൊണ്ടുതന്നെ കൂടുതല്‍ മികച്ച പരിപാടികള്‍ തയാറാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കനേഡിയന്‍ കമ്പനിയായ സിര്‍ക്യു ഡു സോലൈലിെന്റ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഡാനിയല്‍ ലാമര്‍ പറഞ്ഞു.
സൗദിയില്‍ 2018ല്‍ 88ാം ദേശീയ ദിനത്തോടനുബന്ധിച്ചാണ് ആദ്യ ഷോ നടത്താന്‍ അനുമതി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2019 ബസാര്‍ പ്രൊഡക്ഷന്‍ ടൂറും സംഘടിപ്പിക്കാനായി. ശേഷം ഈ വര്‍ഷം റിയാദ് സീസണിലാണ് അവസരം ലഭ്യമായത്.
20ലധികം രാജ്യങ്ങളില്‍നിന്നുള്ള 46 കലാകാരന്മാര് അണിനിരന്ന കലാപ്രകടനം ഉദ്ഘാടനരാത്രിയില്തന്നെ കാണികളെ അമ്ബരപ്പിച്ചു. ലോകപ്രശസ്ത ഫുട്ബാള്‍ താരം മെസ്സിയോടുള്ള ആദരവുകൂടിയായിരുന്നു പരിപാടി. അക്രോബാറ്റിക്സ്, ട്രാംപോളിന്, ഡയബോളോസ്, വെര്‍ട്ടിക്കല്‍ റോപ്സ്, സിംഹനൃത്തം എന്നിവ ഉള്‍പ്പെടുന്ന കലാപ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്യപൂര്‍വ അനുഭവങ്ങളാണ് സമ്മാനിച്ചത്.
താരപദവിക്കുവേണ്ടിയുള്ള മെസ്സിയുടെ പോരാട്ടത്തിെന്റ കഥ വിവരിക്കുന്ന തരത്തിലാണ് ഈ പരിപാടി സംവിധാനിച്ചിരിക്കുന്നത്. ഇതില്‍ തമാശക്കാരനായ താടിക്കാരനായാണ് റഫറിയുടെ ഇടപെടല്‍. ലോക പ്രേക്ഷകരെ വിസ്മയിച്ച അക്രോബാറ്റിക് നൃത്തപരിപാടി സൗദിയില്‍ എത്തിയത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകരെ നേടിെക്കാടുത്തു. നേരേത്ത പ്രശസ്തമായ ഈ കനേഡിയന്‍ കമ്ബനിയുടെ പ്രോഗ്രാം കണ്ടവര്‍പോലും സൗദിയിലെ പ്രകടനത്തെ പ്രത്യേകം പ്രശംസിക്കുകയായിരുന്നു.
സൗദിയില്‍ ആദ്യമായി അരങ്ങേറുന്ന ഷോ ജീവസ്സുറ്റതാക്കുന്ന സംഗീതത്തിനായി കനേഡിയര്‍ തിയറ്റര്‍ മാസങ്ങള്‍ നീണ്ട പരിശീലനമാണ് നേടിയത്. 2019ല്‍ ബാഴ്സലോണയിലെ പാര്‍ക്ക് ഡെല്‍ ഫോറത്തില്‍ ആദ്യ ഷോ അവതരിപ്പിക്കുകയും 2020ല്‍ ആരംഭിച്ച ഒരു ലോക പര്യടനം ആരംഭിക്കുകയുമായിരുന്നു സംഘം.
9,00,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള റിയാദ് ബൊളിവാര്‍ഡ് സിറ്റിയിലെ ബൊളിവാര്‍ഡ് അരീനയിലാണ് മെസ്സി 10 എന്ന പ്രോഗ്രാം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ നീളുന്ന രാത്രി 8 മണിക്ക് ആരംഭിക്കുന്ന ഷോ കാണാന്‍ 115 മുതല്‍ 800 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. റിയാദ് സീസണ് മൊബൈല്‍ ആപ്ലിക്കേഷനിലോ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകള്‍ വാങ്ങാം. ഏഴുലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കാണികളായി എത്തിയത്. ലോകം ഏറ്റുവാങ്ങിയ മികച്ച പരിപാടികളുമായി സൗദിയില്‍ വീണ്ടും ഉടന്‍തന്നെ പ്രേക്ഷകസദസ്സിന് മുന്നിലെത്തുമെന്ന് ഡാനിയര്‍ ലാമര്‍ പറഞ്ഞു.