പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ റവന്യൂമന്ത്രി കെ രാജന്‍ ഇന്ന് പമ്പയിലെത്തും. നിലയ്ക്കലിലെയും പമ്പയിലെയും അടിസ്ഥാന സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തും. മഴ തുടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ചർച്ചചെയ്യും.
ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് പരമാവധി തടസങ്ങളില്ലാതെ സൗകര്യങ്ങളൊരുക്കുമെന്ന് റവന്യൂമന്ത്രി പറഞ്ഞു. നാളെയാണ് ശബരിമല നട തുറക്കുക. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പന്തളം കേന്ദ്രീകരിച്ച് എന്‍ഡിആര്‍എഫ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വൈകുന്നേരത്തോടെ രണ്ട് ടീമുകളെ കൂടി പമ്പയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയില്‍ നിലവില്‍ മഴയ്ക്ക് അല്‍പം ശമനമുണ്ട്. പുലര്‍ച്ചെ തുടങ്ങിയ മഴ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പെയ്തു. അച്ചന്‍കോവിലാര്‍, പമ്പ നദികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ നേരിയ തോതില്‍ കുറഞ്ഞു. ഓമല്ലൂര്‍ ജംഗ്ഷനില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പന്തളം-പത്തനംതിട്ട പാതയില്‍ ഗതാഗതം തടസമുണ്ട്. അടൂര്‍ നഗരത്തിലും കോന്നിയിലും വെള്ളമിറങ്ങിത്തുടങ്ങിയതോടെ ആശങ്കയ്ക്ക് ശമനമുണ്ട്.