തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ സർക്കാർ വാദം ശരിവച്ച് വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണം. വിവാദ ഉത്തരവ് സർക്കാർ അറിഞ്ഞിട്ടില്ലെന്നും വനം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നുമാണ് വിശദീകരണം. വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാറാണ് സർക്കാരിന് വിശദീകരണ കുറിപ്പ് നൽകിയത്. വനം മേധാവിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും വിശദീകരണ കുറിപ്പിൽ വിമർശനമുണ്ട്.
ഈ ഫയൽ വനം വകുപ്പിനോ സർക്കാരിനോ പോയിട്ടില്ല. ഒരു ഭാഗത്ത് സർക്കാരിനെ പൂർണായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തമിഴ് നാടിൻ്റെ അപേക്ഷ വന്നതിന് ശേഷം സുപ്രിംകോടതി ഉത്തരവും, കേരള സർക്കാരിൻ്റെ നിർദേശങ്ങളും ഉത്തരവും പാലിച്ചുകൊണ്ട് തുടർനപടി റിപ്പോർട്ടും പ്രപ്പോസലും ആവശ്യപ്പെട്ടുകൊണ്ട് വനം പ്രിൻസിപ്പൽ സെക്രട്ടറി വനം മേധാവി ഉൾപ്പെടെയുള്ളവർക്ക് കത്തയച്ചിരുന്നു. 2020ൽ അയച്ച ഈ കത്തിനും റിമൈന്ററിനും മറുപടി നൽകിയില്ല.
അതുകൊണ്ട് തന്നെ റൂൾസ് ഓഫ് ബിസിനസ് പ്രകാരം ഫയൽ മന്ത്രിക്ക് അയച്ചിട്ടില്ല. നവംബർ ഒന്നിന് ചേർന്ന യോഗത്തെ കുറിച്ച് കുറിപ്പിൽ പരാമർശമില്ല. എന്നാൽ അതിന് മുൻപ് നടന്ന സെക്രട്ടറിതല യോഗത്തിൻ്റെ മിനിറ്റ്‌സ് ലഭ്യമായിട്ടില്ലെന്നും ആ യോഗത്തിൽ മരംമുറിക്കലിന് അനുമതി നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.