തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ഉപയോക്താക്കള്‍ക്കു ഇന്നു മുതല്‍ അവസരം. ‘തെളിമ കാർഡ് ശുദ്ധീകരണ പദ്ധതി’ക്ക് തിങ്കളാഴ്‌ച തുടക്കമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റം(ആർസിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റ് തിരുത്താനും വിവരം പുതുക്കാനും അവസരമുണ്ടാകും.
അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, എല്‍.പി.ജി- വൈദ്യുതി എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍, ഏറ്റവും പുതിയ വിവരങ്ങളുടെ ഉള്‍പ്പെടുത്തല്‍ എന്നിവ സാധ്യമാകും. മരണപ്പെട്ടവരുടെ പേര് കാര്‍ഡില്‍നിന്നു നീക്കം ചെയ്യുന്നതിനും പുതിയ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനും സാധിക്കും. നവംബർ 15 മുതൽ ഡിസംബര്‍ 15 വരെയാണ് തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും സമയം അനുവദിച്ചിരിക്കുന്നത്. 2022 ഏപ്രിലോടെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് കാര്‍ഡ് ആക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.