ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിൽ (dam)ജലനിരപ്പ് ഉയരുകയാണ്. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട്(red alert) പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാൽ കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബിയുടെ കണക്കു കൂട്ടൽ. മുല്ലപ്പെരിയാർ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്.
അതേസമയം മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും. രാത്രിയിലെ ശക്തമായ മഴയിൽ ജലനിരപ്പ് 140.30 അടിയായി. രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തിൽ 24 മണിക്കൂറിനകം അണക്കെട്ട് തുറക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്നാട് മുന്നറിയിപ്പു നൽകി യിരുന്നു. ഇതേത്തുടർന്ന് തീരദേശത്ത് ജാഗ്രതാ നിർദേശവും നൽകി. എന്നാൽ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോയതിനാൽ ജലനിരപ്പ് ഉയരുന്നത് നിയ ന്ത്രിക്കാനായി. ജലനിരപ്പ് 141 അടി ആയാൽ അണക്കെട്ട് തുറന്നുവിടാനാണ് തമിഴ്നാട് തീരുമാനം. റൂർകെർവ് അനുസരിച്ച് 140.5 അടി ജലം അണക്കെട്ടിൽ നിലനിർത്താം.