പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല (sabarimala) നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. വൈകിട്ട് ആറ് മണിക്ക് ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ അവരേധിരക്കൽ ചടങ്ങുകൾ നടക്കും. വൃശ്ചികം ഒന്നായ നാളെ രാവിലെ മുതലാണ് ഭക്തർക്ക് ദർശനത്തിന് അനുമതി.
ചൊവ്വാഴ്ച മുതൽ ഡിസംബർ 26 വരെയാണ് മണ്ഡലപൂജാ മഹോൽസവം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബർ 30 മുതൽ 2022 ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നട തുറക്കുന്പോൾ കൂടുതൽ തീർഥാടകർ പ്രവേശിക്കുന്നത് പ്രയാസം സൃഷ്ടിക്കുമെന്നതി നാൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ജലനിരപ്പ് അപകടകരമായതിനാൽ പന്പാ സ്നാനം അനുവദിക്കില്ല.മറ്റു കുളിക്കടവുകളിലും ഇറങ്ങരുത്. സ്പോട്ട് ബുക്കിംഗ് നിർത്തും. തീർഥാടകരുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കും.