തിരുവനന്തപുരം; പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരായ അനുപമയും അജിത്തും ഇന്ന് ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാകും. വൈകുന്നേരം 3.30ന് എല്ലാ രേഖകളുമായി ഹാജരാകാൻ സിഡബ്ല്യുസി ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു. മൊഴിയെടുക്കുന്നതിനു വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളത്.
അതേസമയം ശിശുക്ഷേമ സമിതിയ്‌ക്ക് മുൻപിൽ അനുപമയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും ശിശുക്ഷേമ ജനറൽ സെക്രട്ടറി ഷിജു ഖാനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമയുടെ സമരം. ചട്ടങ്ങൾ പാലിക്കാതെയാണ് ഇരുവരും ചേർന്ന് കുട്ടിയെ ദത്തു നൽകിയതെന്നാണ് അനുപമയുടെ ആരോപണം. അതിനാൽ ഇരുവരെയും മാറ്റി നിർത്തി കേസ് അന്വേഷിക്കണമെന്നാണ് അനുപമയുടെ ആവശ്യം.