പത്തനംതിട്ട:കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപെടുത്താന്‍ പുതിയ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഭാഗത്തെ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിനുണ്ടായ കേടുപാടുകള്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അടിയന്തരമായി സംരക്ഷണ ഭിത്തിയില്‍ മണ്ണുനിറച്ച് ബലം ഉറപ്പാക്കും. അപ്രോച്ച് റോഡ് പൂര്‍ണമായും സുരക്ഷിതമല്ലാത്തതിനാല്‍ കൈപ്പട്ടൂര്‍ പാലം കടന്നുള്ള വാഹനയാത്ര പരമാവധി വഴിതിരിച്ചുവിടും. ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഈ വാഹനങ്ങള്‍ ഓമല്ലൂര്‍ – മഞ്ഞനിക്കര- അമ്പലക്കടവ്, തുമ്പമണ്‍ വഴിയും താഴൂര്‍കടവ് വഴി അടൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുവിടും. കൈപ്പട്ടൂര്‍ പാലം ദേശീയ പാതയ്ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അച്ചന്‍കോവില്‍, പമ്പ നദികള്‍ അപകട നിലയ്ക്കും മുകളിലാണ്. പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.