ഷാർജ: പ്രമുഖ എഴുത്തുകാരനായ എൽ.എസ്.ബിനുവിന്റെ പ്രിചോയി എന്ന നോവൽ അഡ്വ.മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുഐദി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണ് നൽകി പ്രകാശനം ചെയ്തു. ചിത്ര രശ്മി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.
പ്രണയവും , പ്രകൃതിയും , പ്രതിഷേധവും ഒപ്പം നിസ്സഹായതയും, നിഷ്കളങ്കതയും, മുരടിപ്പുമെല്ലാം ഇടചേർന്ന ശരാശരി മനുഷ്യ ജീവിതത്തിന്റെ അകംപൊരുൾ തേടിയുള്ള ഒരു യാത്രയാണീ പുസ്തകം.
പേരുകളിൽ മാത്രമല്ല സ്വന്തം വേരുകളിലും നിലയുറപ്പിക്കുന്ന കരുത്തുറ്റ കഥാപാത്രങ്ങളാൽ സമ്പന്നമാണ് ഈ നോവൽ. സമൂഹത്തിൽ അർഹമായ സ്ഥാനവും പ്രാധാന്യവും ലഭിക്കാതെ അവഗണിക്കപ്പെട്ട് മുഖ്യധാരയിൽ നിന്നകന്നു കഴയേണ്ടിവരുന്നവരുടെ വേദനകളിലൂടെയും ആയതിന് പരിഹാരം കാണുന്നതിനായി നടത്തപ്പെടുന്ന സമരത്തിലൂടെയുമൊക്കെയാണ് നോവൽ കടന്നു പോകുന്നത്.
ചടങ്ങിൽ യാബ് ലീഗൽ ഗ്രൂപ്പ് സിഇഒ സലാം പാപ്പിനിശ്ശേരി, പുന്നക്കൻ മുഹമ്മദലി, നാസർ വാണിയമ്പലം, മുഹമ്മദ് മുറാദ് അൽ ബലൂഷി, ജംഷീർ വടഗിരിയിൽ, മുന്ദിർ കൽപകഞ്ചേരി, ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.