ഓരോ നിയമത്തിനും ഓരോ പരിധികളുണ്ട്. അത് പാലിക്കപ്പെടേണ്ട, നടപ്പിലാക്കപ്പെടേണ്ട അതിരുകൾ. അതിനപ്പുറത്തേക്ക് ആ നിയമത്തിന് ഒരു പ്രസക്തിയും ഇല്ല. അതുകൊണ്ട് തന്നെ ഫിറോസ് ചുട്ടിപ്പാറ എന്ന യൂട്യൂബ് വ്ലോഗർ ദുബായിയിൽ പോയി മയിലിനെ തിന്നാൽ മയിൽ ഇന്ത്യയിൽ ആന മയിൽ ഒട്ടകമാണെന്ന് പറഞ്ഞ് അയാൾക്കെതിരെ വിദ്വേഷം പരത്തേണ്ടതില്ല.
യുഎഇ എന്ന രാജ്യത്തിന് അവരുടെ നിയമങ്ങൾ ഉണ്ട്. അത് അവരുടെ അതിരുകളിൽ പ്രവേശിക്കുന്ന ഏത് മനുഷ്യനും പാലിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഇന്ത്യക്കും തങ്ങളുടെ നിയമമുണ്ട്. ഏത് രാജ്യമായാലും തങ്ങളുടെ അതിർത്തിക്കുള്ളിൽ വരുന്ന ഏത് മനുഷ്യരും ആ നിയമം പാലിക്കണം. അതിന് പൗരൻ എന്നോ വിദേശി എന്നോ വ്യത്യസ്തമല്ല. മയിൽ ഇന്ത്യക്ക് ദേശീയ ചിഹ്നമാണ്. അതുകൊണ്ട് തന്നെ മയിലിനെ കൊല്ലാൻ ഇന്ത്യയിൽ അനുവാദമില്ല.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Ffirozchuttiparaofficial%2Fvideos%2F219881330253889%2F&show_text=false&width=560&t=0
എന്നാൽ യുഎഇക്ക് ഇത് ബാധകമല്ല. അവർക്ക് മയിലിനെ കൊല്ലാം. കറി വെക്കാം. തിന്നാം. അവർക്ക് എന്നല്ല, അവരുടെ രാജ്യത്തിനകത്ത് ആർക്കും അത് ചെയ്യാം. അത് അവരുടെ പരമാധികാരത്തിൽ വരുന്ന കാര്യമാണ്. അതേസമയം, യുഎഇയിൽ പന്നി മാംസം നിഷിദ്ധമാണ്. എന്നാൽ ഒരു യുഎഇ പൗരന് പന്നിയെ തിന്നണമെന്ന് തോന്നിയാൽ ഇന്ത്യയിലേക്ക് വരാം. ഇവിടെ നിന്ന് തിന്നാം. ഒരു പ്രശ്നവുമില്ല.
എന്ത് തിന്നണം, തിന്നരുത് എന്ന് തീരുമാനിക്കുന്നത് ഓരോ വ്യക്തികളാണ്. പാമ്പിനെയും ചില പുഴുക്കളേയും തിന്നുന്ന സ്ഥലങ്ങൾ ഉണ്ട്. ഇന്ത്യയിൽ തന്നെ ഇത്തരം സ്ഥലങ്ങൾ ഉണ്ട്. എന്നാൽ മലയാളികൾ മിക്കവരും ഇതൊന്നും കഴിക്കാറില്ല. എന്തിന്, എലിയെ തിന്നുന്നവർ നമ്മുടെ തൊട്ട് അയാൾ സംസ്ഥാനത്ത് ഇപ്പോഴും ജീവിക്കുന്നെന്ന് ജയ് ഭീം എന്ന സിനിമ ഈ അടുത്താണ് നമ്മോട് പറഞ്ഞത്. മലയാളിയോട് തിന്നാൻ പറഞ്ഞാൽ എങ്ങനെ ഇരിക്കും?
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Ffirozchuttiparaofficial%2Fvideos%2F965169871024462%2F&show_text=false&width=560&t=0
അപ്പോൾ ഫിറോസ് ചുട്ടിപ്പാറക്കെതിരെയുള്ള ഈ സൈബർ ആക്രമണത്തിന് പിന്നിൽ എന്താണ് കാരണം. ഫിറോസ് തന്നെയാണ് കാരണം. അയാളുടെ മുസ്‌ലിം ഐഡന്റിറ്റി തന്നെയാണ് കാരണം. ന്യൂസിലാൻഡിൽ നിന്ന് മയിലിനെ കൊന്ന് ഭക്ഷണം ഉണ്ടാക്കുന്ന തൃശൂർ സ്വദേശി നവീൻ ജോബിന്റെ വീഡിയോകൾക്ക് കേരളത്തിൽ ഏറെ പ്രേക്ഷകരുണ്ട്. ലക്ഷക്കണക്കിന് മലയാളികൾ കാണുന്ന അദ്ദേഹത്തിന്റെ വീഡിയോക്ക് താഴെ ഒരു കമന്റ് പോലും ഇതുപോലെ ദേശസ്നേഹം ചൂണ്ടിയുള്ളത് കാണില്ല. ദേശീയ വാദമുണ്ടാകില്ല. ആക്രണമുണ്ടാകില്ല.
ഫിറോസിന് നേരെയുള്ളത് ഒരു പ്രത്യേക തരം ദേശീയ ‘വാതമാണ്’. സംഘപരിവാർ മുന്നോട്ട് വെക്കുന്ന അത്തരം വാദങ്ങൾ വെച്ച് പൊറുപ്പിക്കേണ്ടത് അല്ല. സൈബർ അക്രമണമായാലും അത് ക്രിമിനൽ കുറ്റം തന്നെയാണ്. ഫിറോസിനെതിരെ നടക്കുന്നത് കേവലം യാദൃശ്ചിമായ, ഒറ്റപ്പെട്ട ഒരു സംഭവമായി കണക്കാക്കാൻ സാധിക്കില്ല. മുസ്‌ലിം ഐഡന്റിറ്റിയുള്ളവർക്ക് നേരെ നടക്കുന്ന ഗൂഢാലോചനയുടെ കൂടി ഭാഗമാണ് ഇത്തരം ആക്രമണങ്ങൾ.
ഇന്ത്യ പോലെ മതേതരമായ ഒരു രാജ്യത്ത് ഒരു പ്രത്യേക മത വിശ്വാസികൾ ചെയ്യുന്ന ഓരോ കാര്യത്തിനും കണക്ക് ബോധിപ്പിക്കേണ്ടിവരുന്നത് ഭൂഷണമല്ല. അത് ഈ രാജ്യത്തിന്റെ മതേതര മുഖത്തെ തന്നെ ഇല്ലാതാക്കും. ഇന്ത്യയെ മത രാഷ്ട്രമാക്കാൻ ഓടി നടന്ന് പണിയെടുക്കുന്ന സംഘപരിവാർ പ്രൊഫൈലുകൾക്ക് മുന്നിൽ തകരരുത് ഈ രാജ്യത്തിന്റെ അഖണ്ഡത.