തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 15 തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. ശക്തമായ മഴയിൽ ജില്ലയിലെ പലയിടങ്ങളിലും വെള്ളം കയറി.
പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 15 തിങ്കൾ) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർഅറിയിച്ചു. എന്നാൽ സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കേണ്ടതാണ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയും കേരളാ സർവകലാശാലയും നാളെ നടത്തേണ്ടിയിരുന്ന ( നവമ്പർ 15) പരീക്ഷകൾ മാറ്റി
യതായി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നും പരീക്ഷാ കൺട്രോളർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.