ലണ്ടന്‍: യു.കെയിലും ഗൂഗിള്‍ പണിമുണക്ക്. വിവിധ ഗൂഗിള്‍ സേവനങ്ങളായ ജിമെയില്‍, യൂട്യൂബ് മണിക്കൂറുകളോളം പണിമുടക്കിയത് ഉപയോക്താക്കളെ വലച്ചു.യു.കെയില്‍ ഇന്ന് രാവിലെയാണ് ഗൂഗിളിന്റെ വിവിധ സേവനങ്ങള്‍ പണിമുടക്കിയത്.
ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റാണ് ഇന്റര്‍നെറ്റ് ഭീമന് തകരാറിലായത് റിപ്പോര്‍ട്ട് ചെയ്തത്. ആയിരക്കണക്കിന് പേര് ഗൂഗിള്‍ സേവനങ്ങളില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതായി വെബ്സൈറ്റ് പറയുന്നു.
54 ശതമാനം ജിമെയില്‍ ഉപയോക്താക്കള്‍ സെര്‍വര്‍ തകരാര്‍ അഭിമുഖീകരിച്ചപ്പോള്‍ 31 ശതമാനം പേര് ഇ-മെയില്‍ അയക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. 15 ശതമാനം ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ വെബ്സൈറ്റ് ഉപയോഗിക്കുന്നതില്‍ തന്നെ ബുദ്ധിമുട്ട് നേരിടുകയുണ്ടായി.
യൂട്യൂബിനെ കുറിച്ച് ലഭിച്ച പരാതികളില്‍ 49 ശതമാനം പേര് വെബ്സൈറ്റ് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ 38 ശതമാനം പേര്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. 13 ശതമാനം പേര്‍ക്ക് വീഡിയോ കാണുന്നതില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടു. എന്നാല്‍ എല്ലാ ഗൂഗിള്‍ സേവനങ്ങളും ഇപ്പോള്‍ സാധാരണ നിലയില്‍ തിരിച്ചെത്തിയതായി ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.