ദുബൈ: 16 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേന യുഎഇയിൽ വ്യോമാഭ്യാസത്തിനൊരുങ്ങുന്നു. നവംബർ 14ന് ആരംഭിക്കാനാരിക്കുന്ന ദുബൈ എയർ ഷോയിലാണ് ഇന്ത്യൻ വ്യോമസേനയും അണിനിരക്കുന്നത്. യുഎഇ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇന്ത്യയുടെ പങ്കാളിത്തം.
2005ൽ നടന്ന അൽ ഐൻ ഗ്രാന്റ്പ്രീയിലാണ് ഇതിന് മുമ്പ് ഇന്ത്യൻ വ്യോമസേനയുടെ പ്രകടനം യുഎഇയിൽ അരങ്ങേറിയത്. വ്യോമസേനയുടെ സാരംഗ്, സൂര്യകിരൺ, തേജസ് സംഘങ്ങളാണ് ഇത്തവണ ദുബൈ എയർഷോയിലെത്തുന്നത്. രണ്ട് ദിവസം മുമ്പ് യുഎഇയിലെത്തിയ സേനാംഗങ്ങൾ വ്യോമാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോഴെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
സൗദി അറേബ്യയുടെ സൗദി ഹോക്സ്, റഷ്യയുടെ റഷ്യൻ നൈറ്റ്സ്, യുഎഇയുടെ അൽ ഫുർസാൻ എന്നവയ്‍ക്കൊപ്പമാണ് ദുബൈ എയർ ഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങൾ നടക്കുക. ഇതിന് പുറമെ യുഎഇ എയർഷോയിലെ പ്രദർശനത്തിൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് വിമാനവുമുണ്ടാകും. സൂര്യകിരൺ, തേജസ് വിമാനങ്ങളുടെ യുഎഇയിലെ ആദ്യത്തെ അഭ്യാസ പ്രകടനം കൂടിയാണിത്.
നവംബർ 14 മുതൽ 18 വരെ ദുബൈയിലെ വേൾഡ് സെൻട്രൽ എയർപോർട്ടിൽ സജ്ജമാക്കിയ എയർ ഷോ വേദിയിൽ 85,000ൽ അധികം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 148 രാജ്യങ്ങളിൽ നിന്നുള്ള 1200 എക്സിബിറ്റർമാർ പ്രദർശനത്തിൽ പങ്കെടുക്കും. 160 ഓളം വിമാനങ്ങളും പ്രദർശനത്തിൽ അണിനിരക്കും. വിവിധ രംഗങ്ങളിൽ നിന്നുള്ള 250 വിദഗ്ധർ പരിപാടിയിൽ പങ്കെടുക്കാനെത്തുമെന്നും അധികൃതർ അറിയിച്ചു.