തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നേരത്തെ ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ അലേർട്ട് പുതുക്കി ഇപ്പോൾ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്ന് 14 ജില്ലകളിലും നാളെ 11 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് മഴ കനത്തേക്കും. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
അതേസമയം, വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിൻ്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്നും മന്ത്രി പറഞ്ഞു.