കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇവരെ പിന്തുടർന്നെത്തിയ ആഡംബരക്കാർ ഓടിച്ചയാൾക്കെതിരെ റാഷ് ഡ്രൈവിങ്ങിന് കേസെടുത്തേക്കും. ഈ കാർ ഓടിച്ച കൊച്ചി സ്വദേശിയായ സൈജുവിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു വിട്ടയച്ചു. കൊല്ലപ്പെട്ടവരുടെ കാറുമായി മത്സരയോട്ടം നടത്തിയെന്ന് വ്യക്തമായതിനെ തുടർന്നാണിത്.
കൊച്ചി പാലാരിവട്ടത്ത് കാറപകടത്തിൽ കൊല്ലപ്പെട്ട മുൻ മിസ് കേരള ആൻസി കബീറും സംഘവും ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ സൈജു ആഡംബരക്കാറിൽ ഇവരെ പിന്തുടർന്നുവെന്നാണ് വിവരം. കാർ പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വച്ച് ആൻസി കബീർ സഞ്ചരിച്ചിരുന്ന വാഹനം വേഗത കുറച്ചു.
ഇതേത്തുടർന്ന് സൈജു ഇവരോട് സംസാരിച്ചു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ കുണ്ടന്നൂരിൽ വച്ച് വാക്കുതർക്കമുണ്ടായില്ലെന്നും യുവതികൾ ഉൾപ്പടെയുള്ളവർക്ക് ഹോട്ടലിൽ താമസിക്കാമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നുമാണ് സൈജുവിൻ്റെ മൊഴി. പക്ഷേ ഈ സംഭാഷണത്തിന് ശേഷം ഇരു കൂട്ടരും വാഹനവുമായി പാഞ്ഞെന്നാണ് പോലീസ് പറയുന്നത്.
സൈജുവിൻ്റെ കാറിനെ മറികടന്ന് മുന്നോട്ട് കുതിക്കുമ്പോഴാണ് അപകടമുണ്ടാകുന്നത്. അത് കൊണ്ട് തന്നെ കൊല്ലപ്പെട്ടവർ സഞ്ചരിച്ച കാറോടിച്ച അബ്ദുറഹ്മാനെ വീണ്ടും ചോദ്യം ചെയ്ത ശേഷം സൈജുവിനെതിരെ കേസെടുക്കാൻ ആണ് നീക്കം. റാഷ് ഡ്രൈവിങ്ങി നാക്കും കേസെടുക്കുക. അപകടമുണ്ടായ ശേഷം ഇടപ്പള്ളി എത്തിയ സൈജു ഹോട്ടലുടമ റോയിയെ വിളിച്ചിരുന്നു. പിന്നെ അപകട സ്ഥലത്തേക്ക് എത്തുകയായിരുന്നു.
ഡിജെ പാർട്ടി നടന്ന ഹോട്ടലിൻ്റെ ഉടമയായ റോയിയുമായി സൈജുവിന് അടുത്ത ബന്ധമുണ്ട്. നിലവിൽ റോയ് എവിടെ എന്ന് പോലീസിന് വിവരമില്ല. കേസിൽ പ്രതിയല്ലാത്തതിനാൽ ഒളിവിലാണെന് പറയാനുമാകില്ല. റോയിയുടെ നിർദേശപ്രകാരമാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്ക് മാറ്റിയെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.