തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, ഇടുക്കി,കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലുള്ളവരും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ ഉണ്ടായ കനത്തമഴയിൽ മലയോരമേഖലകളിൽ വൻ നാശം വിതച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ അന്തമാൻ തീരത്ത് ന്യൂനമർദം രൂപപ്പെട്ടിരുന്നു. ഈ ന്യൂന മർദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്.