കാബൂൾ: അഫ്ഗാനിസ്താനിലുടനീളമുള്ള സ്കൂളുകളിലായി 75 ശതമാനം പെൺകുട്ടികളും വിദ്യാഭ്യാസം പുനരാരംഭിച്ചതായി താലിബാൻ സർക്കാർ. ഇസ്ലാമാബാദിൽ മിഡിൽ ഈസ്ററ് ആൻഡ് ആഫ്രിക്ക സമ്മേളനത്തിൽ സംസാരിക്കവെയാണ് താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെകുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുത്തഖി. അഫ്ഗാനിൽ ഇക്കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അധികാരമേറ്റയുടൻ രാജ്യത്തെ സ്കൂളുകളെല്ലാം അടച്ചുപൂട്ടിയിരുന്നു.
സെപ്റ്റംബർ 18ന് ആൺകുട്ടികൾക്കു മാത്രം സ്കൂളുകൾ തുറന്നു. ആൺകുട്ടികളെ പഠിപ്പിക്കാൻ പുരുഷ അധ്യാപകർ മതിയെന്നും നിർദേശിച്ചു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിൽ വ്യാപക പ്രതിഷേധമുയർന്നതോടെ അവരെ സ്കൂളിലയക്കാൻ താലിബാൻ നിർബന്ധിതരായി. തുടർന്ന് പെൺകുട്ടികൾക്കായി ആറാം തരംവരെയുള്ള ക്ലാസുകൾപുനരാരംഭിച്ചു. സെപ്റ്റംബറോടെ എല്ലാ പെൺകുട്ടികൾക്കും സ്കൂളുകളിലെത്താമെന്നും താലിബാൻ ഉറപ്പുനൽകി. സ്ത്രീകളെ ജോലിചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് താലിബാനെതിരെ പ്രതിഷേധം തുടരുകയാണ്.