കൽപറ്റ: മേപ്പാടി റേഞ്ച് പരിധിയിൽനിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച മൂന്നുപേരെ വനംവകുപ്പ് പിടികൂടി. മലപ്പുറം സ്വദേശികളായ പുല്ലാറ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് അക്ബർ (30), മൊയ്ക്കൽ വീട്ടിൽ അബൂബക്കർ (30), കൽപറ്റ ചുണ്ടേൽ സ്വദേശി പൂകുന്നത് വീട്ടിൽ ഫർഷാദ് (28) എന്നിവരാണ് പിടിയിലായത്.
മരങ്ങൾ മുറിച്ച് കടത്തുന്നതിനുപയോഗിച്ച് സ്വിഫ്റ്റ് കാറും കൂടാതെ മുറിക്കുന്നതിനുപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. പിടികൂടിയ ചന്ദനത്തടികൾക്ക് ഏകദേശം 150 കിലോയോളം തൂക്കം വരുമെന്ന് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഡി. ഹരിലാൽ അറിയിച്ചു. ചവാഹനം കൈ നീട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു.
തുടർന്ന് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സ്ഥിരമായി ചന്ദന മോഷണ സംഘത്തിലുൾപ്പെട്ടരാണോ, ഇവർക്ക് അന്തർ സംസ്ഥാന ചന്ദന മാഫിയയുമായി ബന്ധങ്ങൾ ഉണ്ടോയെന്നതും അന്വേഷിച്ചുവരികയാണെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസറായ ഡി. ഹരിലാൽ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. സനിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ആർ. വിജയനാഥ്, എൻ.ആർ. ഗണേഷ് ബാബു, വി. സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആൻസൺ ജോസ്, എസ്. ദീപ്തി, ഫോറസ്റ്റ് വാച്ചർമാരായ കെ.സി. ബാബു, എസ്. രമ എന്നിവരും താൽക്കാലിക വാച്ചർമാരുമാണ് പ്രതികളെ പിടികൂടിയത്.