കൊച്ചി: നടൻ ജോജു ജോർജിനെതിരെ മരട് പൊലീസ് കേസെടുത്തു. കോൺഗ്രസ് റോഡ് ഉപരോധത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയതിനാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ നൽകിയ പരാതിയിലാണ് നടപടി.
അതേസമയം, ജോജുവിൻറെ കാർ തകർത്ത കേസിൽ രണ്ട് പ്രതികൾക്കു കൂടി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പി.വൈ ഷാജഹാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അരുൺ വർഗീസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെക്കണമെന്നും വ്യവസ്ഥയുണ്ട്. ഇവർ നവംബർ 9നാണ് മരട് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
രണ്ടാം പ്രതി പി.ജി ജോസഫിൻറെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനായി ഈ മാസം 16ലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
നവംബർ പത്തിനാണ് കേസിൽ പ്രതികളായ കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള നാല് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചത്. ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു ജോജുവിൻറെ വാഹനം തകർത്ത്. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്.