ബർമിങ്ഹാം: 24 വർഷങ്ങൾക്ക് ശേഷം കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് തിരിച്ചുവരുന്നു. ആദ്യ വനിതാ ട്വന്റി-20 മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. 2022 ജൂലൈ 29-നാണ് മത്സരം.
ട്വന്റി-20 ലോകകപ്പിൽ ചാമ്പ്യൻമാരാണ് ഓസ്‌ട്രേലിയ. ഇന്ത്യ റണ്ണറപ്പുകളും. രണ്ടാം മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. ജൂലൈ 31-നാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം.
ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ബാർബഡോസ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, ഇംഗ്ലണ്ട്എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓഗസ്റ്റ് ആറു മുതലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. വെങ്കല മെഡലിനായുള്ള മത്സരവും ഫൈനലും ഏഴാം തിയ്യതി നടക്കും.
1998-ലെ ക്വാലാലംപുർ ഗെയിംസിലാണ് ഏറ്റവും ഒടുവിൽ ക്രിക്കറ്റ് മത്സര ഇനമായത്. 2022 ജൂലൈ 25 മുതൽ ഓഗസ്റ്റ് എട്ടു വരെ ബെർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക. എഡ്ജ്ബാസ്റ്റനാണ് ക്രിക്കറ്റ് മത്സരങ്ങളുടെ വേദി.