ന്യൂയോർക്ക് :ടെലിവിഷൻ റിയാലിറ്റി ഷോ മത്സരാർഥിയായിരുന്ന സമ്മർ സെർവോസ്, മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നൽകിയ പീഡനക്കേസ് പിൻവലിച്ചു. 2017 ജനുവരിയിലാണ് സെർവോസ് പരാതി നൽകിയത്. പത്ത് വർഷം മുൻപ് കടന്നുപിടിക്കാനും ചുംബിക്കാനും ട്രംപ് ശ്രമിച്ചുവെന്നായിരുന്നു പരാതി.
ന്യൂയോർക്ക് മൻഹട്ടൻ കോടതിയിലാണ് കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് കത്ത് നൽകിയത്. പരാതി പിൻവലിക്കാൻ നഷ്ടപരിഹാരം ഒന്നും ലഭിച്ചിട്ടില്ലെന്ന് സെർവോസിന്റെ അഭിഭാഷക അറിയിച്ചു. 2016ൽ ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പന്ത്രണ്ടോളം പേരാണ് ട്രംപിനെതിരെ പീഡനപരാതിയുമായി രംഗത്തെത്തിയത്.
എന്നാൽ എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചു. ഒരു കേസിൽ പോലും ട്രംപിന് വിചാരണ നേരിടേണ്ടിയും വന്നില്ല. 2007ൽ ജോലി സംബന്ധമായ കാര്യം ചർച്ച ചെയ്യാൻ ലൊസാഞ്ചൽസിലെ ഹോട്ടലിൽ സെർവോസ് കാണാനെത്തിയപ്പോഴാണ് ട്രംപ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി നൽകിയിരുന്നത്. അതേസമയം, സെർവോസിന്റെ തീരുമാനത്തെ ട്രംപിന്റെ അഭിഭാഷകർ സ്വാഗതം ചെയ്തു.