ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയിൽ delhi) കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദില്ലി സർക്കാർ. സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചു. എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം വർക് ഫ്രം ഹോമാക്കി (Work from home). നിർമ്മാണ പ്രവർത്തനങ്ങൾക്ക് 17 വരെ വിലക്ക് ഏർപ്പെടുത്തി. ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം പരിശോധിച്ചുവരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.
ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ദില്ലിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല മലിനീകരണത്തിന് കാരണം. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് ഇരിക്കേണ്ടിവരുന്നു. ഈ ആവസ്ഥക്ക് കേന്ദ്രത്തിനുംസംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ട്. മലിനീകരണം തടയാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമർശിച്ചു.
വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471 ന് മുകളിലാണ്. യഥാർത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ. അന്തരീക്ഷ മലിനീകരണം ദില്ലിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന് കോടതി നിർദ്ദേശിച്ചത്.