തിരുവനന്തപുരം; സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുളളതിനാൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകും. ആവശ്യത്തിന് ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാൻ എല്ലാ കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.