കോഴിക്കോട്: സമാന്തര ലോട്ടറിനടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർ കോഴിക്കോട്അറസ്റ്റിൽ. വേങ്ങേരി സ്വദേശി കുന്നത്തുമ്മൽ ശശീന്ദ്രൻ (62), എറണാകുളം ചേന്ദമംഗലം സ്വദേശി കിഴുക്കുമ്പുറം രാമചന്ദ്രൻ (57) എന്നിവയൊണ് കസബ പൊലീസ് വെള്ളിയാഴ്ച വൈകിട്ടോടെ അറസ്റ്റ്(Arrest) ചെയ്തത്. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചായിരുന്നു സംഘം സമാന്തര ലോട്ടറി(lottery gamling) ഇടപാട് നടത്തിയിരുന്നത്
അടുത്തിടെ പാലക്കാട് സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ വൻ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. പേപ്പറിൽ നമ്പറെഴുതി നൽകിയുള്ള സമാന്തര ലോട്ടറി തട്ടിപ്പ് സംഘത്തിൻറെ പ്രവർത്തനത്തെപ്പറ്റിയുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് പാലക്കാട്ടെ തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടുന്നത്. കേരള സംസ്ഥാന ലോട്ടറി, അന്യസംസ്ഥാന ലോട്ടറികളായ ഡിയർ, കുയിൽ, നാഗാലാൻറ് ലോട്ടറി എന്നിവയുടെ ഫലം വരുന്ന ദിവസങ്ങളിൽ അവസാനത്തെ മൂന്ന് അക്കങ്ങൾ ആവശ്യമുള്ളവർ പ്രവചിക്കുകയാണ് സമാന്തര ലോട്ടറിക്കാർ ചെയ്യുന്നത്.
ഒരു പ്രവചനത്തിന് 10 രൂപയാണ് ഈ സംഘം ഈടാക്കുന്നത്. ഒരാൾക്ക് 10 രൂപയുടെ എത്ര പ്രവചനം വേണമെങ്കിലും നടത്താം. ഇങ്ങനെ പ്രവചനം നടത്തുന്ന ലോട്ടറികളുടെ ഫലം കൃത്യമായാൽ ഒന്നാം സമ്മാനത്തിന് 5000 രൂപയും, രണ്ടാം സമ്മാനത്തിന് 250 രൂപയും, മൂന്നാം സമ്മാനത്തിന് 100 രൂപയുമാണ് പ്രതിഫലം നൽകുന്നത്. പല പ്രദേശത്തും പ്രതിഫലം കൂടിയും കുറഞ്ഞുമിരിക്കും. ഈ തട്ടിപ്പിലൂടെ സംസ്ഥാന ലോട്ടറിയെ തകർക്കാനുള്ള സാധ്യത ഏറുകയും, ആരും തന്നെ സംസ്ഥാന ലോട്ടറി എടുക്കാത്ത അവസ്ഥയുമാകും. 40 രൂപക്ക് കേരള ലോട്ടറി എടുക്കുന്നതിന് പകരം ഈ ചൂതാട്ട രീതിയിലൂടെ നാല് നമ്പർ പ്രവചിക്കാനാകും. ഇതിലൂടെ സംസ്ഥാന സർക്കാരിനും, ലോട്ടറി ഏജൻസികൾക്കും വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.