ഇസ്താംബുൾ: തുർക്കിയിൽ ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ ദമ്പതികൾ അറസ്റ്റിൽ. തുർക്കി പ്രസിഡൻറിൻറെ വസതിയുടെ ചിത്രം പകർത്തിയ ദമ്പതികളാണ് പിടിയിലായത്. ഇവരോടൊപ്പം ഒരു തുർക്കി സ്വദേശിയും അറസ്റ്റിലായിട്ടുണ്ട്.
തുർക്കി പ്രസിഡൻറിൻറെ വസതിക്കു സമീപത്തെ ടവറിലെ ജീവനക്കാരൻ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ടവറിലെ റസ്റ്റാറൻറിൽനിന്ന് ദമ്പതികൾ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻറെ വസതിയുടെ ചിത്രം പകർത്തിയതായി ജീവനക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം, ചാരവൃത്തി ആരോപണം ഇസ്രായേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് നിഷേധിച്ചു. ദമ്പതികൾ ഇസ്രായേൽ ഏജൻസികൾക്കുവേണ്ടി പ്രവർത്തിച്ചിട്ടില്ല. തുർക്കി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദമ്പതികളുടെ മോചനത്തിനായി ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.