കൊച്ചി: പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയാൻ ചെലവായ തുക മുൻ കരാറുകാരനിൽനിന്ന് തിരിച്ചുപിടിക്കാതെ സർക്കാർ. 24.52 കോടി രൂപയാണ് ആർഡിഎസ് കമ്പനി സർക്കാരിന് തിരിച്ചടയ്ക്കാനുള്ളത്. പാലം നിർമാണം പൂർത്തിയായി എട്ടു മാസം പിന്നിടുമ്പോഴും ചെലവാക്കിയ തുക സർക്കാരിന് തിരികെ ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.
നിർമാണത്തിലെ അപാകതകളെ തുടർന്ന് അടച്ചിട്ട പാലാരിവട്ടം പാലത്തിന്റെ പുനർ നിർമാണം ആരംഭിച്ചത് 2020 സെപ്റ്റംബറിലായിരുന്നു. 5 മാസവും 10 ദിവസവുമെടുത്ത് റെക്കോർഡ് വേഗത്തിലാണ് ഡിഎംആർസിയുടെ മേൽനോട്ടത്തിൽ പാലം പൊളിച്ചു പണിതത്. 2021 മാർച്ച് ഏഴിന് പാലം ഗതാഗതത്തിനായി തുറന്നു. ആദ്യം പാലം പണിത ആർഡിഎസ് കമ്പനിയിൽനിന്ന് തുക ഈടാക്കി പാലം പുനർനിർമിക്കാനായിരുന്നു തീരുമാനം.
ഇതിനായി 24.52 കോടി രൂപ സർക്കാർ ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപ്റഷൻ 2020 ഡിസംബറിൽ മുൻ കരാറുകാരായ ആർഡിഎസിന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാർ ഖജനാവിൽനിന്ന് ചെലവായ ഭീമമായ തുക തിരിച്ചുപിടിക്കാനുള്ള നടപടി മാത്രം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
18.5 കോടിക്ക് പാലം പൊളിച്ചുപണിയാമെന്ന ഇ ശ്രീധരന്റെ വാഗ്ദാനം പാളിപ്പോയെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇ ശ്രീധരന്റെ റിപ്പോർട്ട് പരിശോധിക്കാതെയാണ് 22.68 കോടി രൂപയ്ക്ക് പാലം പൊളിച്ചുപണിയാൻ സർക്കാർ ഭരണാനുമതി നൽകിയത്. പാലത്തിന്റെ ദുർബലാവസ്ഥ പരിശോധിച്ച മദ്രാസ് ഐഐടി 75 ലക്ഷം രൂപ ഫീസ് ഇനത്തിൽ കൈപ്പറ്റി. 35.39 കോടിയാണ് ആദ്യം പാലം പണിത വകയിൽ ആർഡിഎസ് കമ്പനി സർക്കാരിൽ നിന്ന് കൈപ്പറ്റിയത്. ചുരുക്കത്തിൽ ഈ തുകയും പാലം പൊളിച്ചു പണിയാൻ ചെലവിട്ട തുകയും കൂട്ടുമ്പോൾ 58.82 കോടിയാണ് പാലാരിവട്ടം മേൽപാലം സഞ്ചാരയോഗ്യമാക്കാൻ സർക്കാർ ഖജനാവിൽനിന്ന് ഒഴുക്കിയതെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.