തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.
തിരുവനന്തപുരത്ത് മലയോര മേഖലകളില്‍ മണ്ണിടിഞ്ഞും വീടുകളില്‍ വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും ആറുട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
വിഴിഞ്ഞത്ത് ശക്തമായ മഴയ്ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മത്സ്യത്തൊഴിലാളുകളുടെ വളളങ്ങള്‍ക്കും യാനങ്ങള്‍ക്കും കടകള്‍ക്കും ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ന്യൂന മര്‍ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.