കോഴിക്കോട്: കോഴിക്കോട്ട് കോണ്‍ഗ്രസ് എ ഗ്രൂപ്പ് യോഗത്തിനിടെ ആക്രമണം. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റമുണ്ടായി. വനിതയെ അടക്കം മര്‍ദിച്ചു. ക്യാമറാമാന് പരുക്കേറ്റു. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം ചേർന്നത്. ഫോട്ടോയോ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവൻ്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗത്തില്‍ ചേര്‍ന്നത്.
കല്ലായിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം. ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഫോട്ടോ പകര്‍ത്തിയ മാതൃഭൂമി പത്രത്തിൻ്റെ ഫോട്ടോഗ്രാഫര്‍ സാജനെ കോണ്‍ഗ്രസുകാര്‍ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ക്കും പരിക്കേറ്റു.
ഇതിന് പിന്നാലെയെത്തിയ വനിതാ ദൃശ്യമാധ്യമപ്രവര്‍ത്തകയെയും കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ചു. കൂടാതെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കൈരളി ടിവി റിപ്പോര്‍ട്ടര്‍ മേഘ, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സി ആര്‍ രാജേഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. സംഭവമറിഞ്ഞ് കസബ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ രഹസ്യയോഗമല്ല ചേര്‍ന്നതെന്നും നെഹ്രു അനുസ്മരണം നടത്തുകയാണ് ഉണ്ടായതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.