ന്യൂഡൽഹി: ഡൽഹിയിൽ അപകടകരമായി വായു ഗുണനിലവാര സൂചിക. എ ക്യു ഐ 800 ന് അടുത്തെത്തി. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. സർക്കാർ-സ്വകാര്യ ഓഫീസുകൾ വാഹന ഉപയോഗം നിയന്ത്രിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
വിഷപ്പുക കൂടുന്നതിനാൽ വാഹന ഉപയോഗം 30 ശതമാനമെങ്കിലും കുറയ്ക്കണമെന്നും വാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഡൽഹി സർക്കാരിന് നിർദ്ദേശം നൽകി. ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള കാലയളവിൽ ഉണ്ടായ വാഹനപുകയാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെൻറർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ്.
എയർ ക്വാളിറ്റി ഇൻഡക്‌സ് 50 ൽ താഴെയാണെങ്കിൽ നല്ലത് എന്നും 50-100 ഇടയിലാണെങ്കിൽ തൃപ്തികരമാണെന്നുമാണ് സൂചിക വിലയിരുത്തുന്നുത്. 101-200 നും ഇടയിലാണെങ്കിൽ കുഴപ്പമില്ലെന്നും, 201-300 ആണെങ്കിൽ മോശമാണെന്നും പറയുന്നു. 301 നും 400 നും മധ്യേ ആണെങ്കിൽ വളരെ മോശമാണെന്നും 401നും 500 നും മധ്യേ ആണെങ്കിൽ ഗുരുതരമാണെന്നുമാണ് കണക്ക്. ഡൽഹിക്ക് പുറമെ കൊൽക്കത്തയിലും മുംബൈയിലും അന്തരീക്ഷ മലിനീകരണം മോശമാണ്.