റാസല്‍ഖൈമ: വാഹന പരിശോധനക്ക് ജനറല്‍ റിസോഴ്സ് അതോറിറ്റി (ജി.ആര്.എ) അവതരിപ്പിച്ച നൂതന ഉപകരണത്തിൻറെ ഉദ്ഘാടനം നിര്‍വഹിച്ച് റാക് പൊലീസ് മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി.
വാഹന ലൈസന്‍സ് പുതുക്കുന്നതിന് മുമ്പുള്ള പരിശോധന വേഗത്തിലും കുറ്റമറ്റരീതിയിലും ആക്കുന്നതിന് ഇതിലൂടെ കഴിയുമെന്ന് അലി അബ്ദുല്ല പറഞ്ഞു.
ജി.ആര്.എയും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള തുടര്‍ച്ചയായ സഹകരണം സമൂഹത്തിന് മികച്ച സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഏഴുമുതല്‍ 13 മിനിറ്റുകള്‍ക്കുള്ളില്‍ വാഹനത്തിൻറെ പരിശോധന ഫലം നല്‍കുന്നതാണ് പുതിയ ഉപകരണമെന്ന് ജി.ആര്.എ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ജമാല്‍ അഹ്മദ് അല്‍ തായര്‍ പറഞ്ഞു.
ലൈറ്റ്, ഹെവി വാഹനങ്ങളുടെ ബോഡി, ലൈറ്റ്, മെഷിനറികള്‍, ബ്രേക്ക്, ടയര്‍ തുടങ്ങിയവയുടെ പരിശോധന ഇതിലൂടെ സാധ്യമാകും. അഞ്ചോ അതിലധികമോ വാഹനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ സൈറ്റിലെത്തി വാഹന പരിശോധന പൂര്‍ത്തിയാക്കി പരിശോധനഫലം നല്‍കും.
അല്‍സാദി പ്രദേശത്തെ വാഹന പരിശോധന കേന്ദ്രത്തില്‍ മുന്‍കൂട്ടിയുള്ള ബുക്കിങ് സാധ്യമാണെന്നും ജമാല്‍ അഹ്മദ് വ്യക്തമാക്കി. ജി.ആര്.എ, ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.