ഇടുക്കി: ഇടുക്കി ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ട് ശനിയാഴ്ച തുറക്കും. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ഡാമുകളായ ഇടുക്കിയിലെയും മുല്ലപ്പെരിയാറിലെയും ജലനിരപ്പ് ഉയരുകയാണ്. 139.5 അടിയാണ് നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398.46 അടിയായി ഉയര്‍ന്നു. റൂള്‍ കെര്‍വ് പ്രകാരം ജലനിരപ്പ് 2399.03 അടിയിലെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും.
മുന്‍കരുതല്‍ എന്ന നിലയിലാണ് ഇപ്പോള്‍ ഡാം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പുള്ളതും ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനമായത്. വൈഗ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി നില്‍ക്കുന്നതിനാല്‍ തമിഴിനാടിന് നിലവില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.