തിരുവനന്തപുരം; അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ( 14ന്) ഓൺലൈനിൽ നിർവഹിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരത്ത് ആർഡിആർ ഹാളിൽ രാവിലെ 10ന് പരിപാടി നടക്കും. 68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സിമ്പോസിയങ്ങൾ, സെമിനാറുകൾ എന്നിവ താലൂക്ക് തലത്തിൽ നടക്കും. സഹകരണ യൂണിയനാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. 14ന് എല്ലാ സ്ഥാപനങ്ങളിലും സഹകരണ പതാക ഉയർത്തുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
സഹകരണ മേഖലയിൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ വേളയിലാണ് ഇത്തവണത്തെ സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്. സഹകരണ ബാങ്കിംഗ് രംഗത്ത് വലിയ മാറ്റങ്ങളാണ് കേരളത്തിൽ നടപ്പിലായിട്ടുള്ളത്. മാറി നിന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കൂടി കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിന്റെ സ്വന്തം ബാങ്കെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. ആദ്യഘട്ടത്തിൽ കേരള ബാങ്കിലേയ്ക്കുള്ള മലപ്പുറം ജില്ലാ ബാങ്കിനെ എതിർത്തിരുന്ന പ്രതിപക്ഷം നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്ന വേളയിൽ പിന്തുണയ്ക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഐക്യകണ്ഠേന ബിൽ പാസാക്കാനായി. സഹകരണ രംഗത്ത് ഭരണ പ്രതിപക്ഷ ഐക്യം എല്ലാക്കാലത്തും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അതാണ് കേരളത്തിലെ സഹകരണ മേഖല വലിയ മുന്നേറ്റം നടത്തുന്നതിനും കാരണമായത്.
മഹാപ്രളയവും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ സമൂഹത്തിന് കൈത്താങ്ങായി സഹകരണ മേഖല നിന്നു. മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനയായും ഭവന രഹിതർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്ന കാര്യത്തിലായാലും വാക്സിൻ ചലഞ്ചിലും വലിയ ഇടപെടലുകളാണ് സഹകരണ മേഖല നടത്തിയത്. മാതൃകാപരമായ ഈ ഇടപെടലുകളിൽ നിന്നും സഹകരണ മേഖലയുടെ സാമൂഹ്യ പ്രതിബദ്ധത വ്യക്തമാണ്. കാർഷിക രംഗത്ത് നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണ്. നെല്ല് സംഭരണ, സംസ്‌കരണ, വിപണന സഹകരണ സംഘവും സംഘത്തിനു കീഴിലുള്ള റൈസ് മില്ലുകളും, ക്ഷീര കർഷക സഹകരണ സംഘങ്ങളിലെ ഭാരവാഹി സ്ഥാനങ്ങളിലെ വനിതാ സംവരണം തുടങ്ങി മാതൃകാപരമായ നിരവധി മുന്നേറ്റങ്ങൾ നടത്താൻ സംസ്ഥാന സഹകരണ വകുപ്പിന് കഴിഞ്ഞു.
ഗുണകരമായ ഈ പ്രവർത്തനങ്ങളുടെ വിലയിരുത്തലും പുതിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകളും സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചർച്ചകളിൽ ഉയർന്നു വരുമെന്ന് മന്ത്രി പറഞ്ഞു.
ഞായറാഴ്ച രാവിലെ 9.30 ന് സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് പതാക ഉയർത്തുന്നതോടെ വാരാഘോഷ പരിപാടികൾ ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനായിരിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണിരാജു, ജി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മികച്ച സഹകരണ പരിശീലന കോളെജിനുള്ള സമ്മാനദാനം സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. മേയർ ആര്യാ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എംഎൽഎമാരായ ഒ.എസ്. അംബിക, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, വി.ജോയ്, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, വി.ശശി, ഐ.ബി. സതീഷ്,. അഡ്വ. ജി. സ്റ്റീഫൻ, എം.വിൻസന്റ് എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാറും പങ്കെടുക്കും.