പോർച്ചുഗലിൽ പാസാക്കിയ പുതിയ തൊഴിൽ നിയമം അറിഞ്ഞാൽ ജോലി പോർച്ചുഗലിലായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ച് പോകും. നിയമം എന്തെന്നാൽ ജോലി സമയത്തിന് ശേഷം ജീവനക്കാരെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താൽ തൊഴിലുടമയ്ക്കെതിരെ തൊഴിലാളികൾക്ക് നിയമപരമായി പിഴ ചുമത്താം. മാത്രമല്ല, അധികം സമയം ജോലി ചെയ്യിപ്പിച്ചാൽ ജോലിക്കാരുടെ വൈദ്യുതി, ഗ്യാസ് തുടങ്ങിയ ബില്ലുകൾക്ക് പണം നൽകേണ്ടി വരും. ജോലി സമയം കഴിഞ്ഞുള്ള ജോലി തൊഴിലാളികളുടെ മാനസികാരോഗ്യത്തെയും ജീവിതത്തെയും ബാധിക്കുമെന്ന തിരിച്ചറിവാണ് പോർച്ചുഗലിൽ പുതിയ നിയമം പാസാക്കാൻ ഇടയാക്കിയത്. മെച്ചപ്പെട്ട തൊഴിൽ– ജീവിത സാഹചര്യം സൃഷ്ടിക്കുകയാണ് നിയമത്തിൻറെ ലക്ഷ്യം.
കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം പ്രാവർത്തികമാക്കിയപ്പോൾ നിരവധി പേർക്ക് ആശ്വാസമായെങ്കിലും ദിവസേന ഓഫിസിലെത്താതെ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നത് വർക്ക്-ലൈഫ് ബാലൻസ് കുറയുന്നതായും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണാമാകുന്നതായും വിദഗ്ധർ ചൂണ്ടികാട്ടി.
പത്തോ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾക്ക് മാത്രമാണ് പോർച്ചുഗലിന്റെ പുതിയ നിയമം ബാധകമാകുന്നത്. എന്നാൽ ജോലി സമയത്തിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കാം എന്ന അവകാശത്തോടെ ‘റൈറ്റ് ടു ഡിസ്ക്കണക്ട്’ എന്ന നിർദേശം പോർച്ചുഗീസ് പാർലമെന്റ് നിരസിച്ചിരുന്നു. ഫ്രാൻസിൽ ഈ നിയമം 2017 മുതൽ തന്നെ പ്രാബല്യത്തിലുണ്ട്. ജോലിക്ക് ശേഷം ജോലിക്കാരുടെ വ്യക്തിപരമായ സമയങ്ങളിൽ കോളുകളിലൂടെയും ഇമെയിലുകളിലൂടെയും തൊഴിലുടമകൾ അതിക്രമിച്ച് കയറുകയില്ലെന്ന് ഉറപ്പുവരുത്തുകയാണ് നിയമം.
‘അടച്ചുപൂട്ടലിൽ തൊഴിലാളികൾ എപ്പോഴും വീട്ടിലാണെന്ന് കരുതി ജോലി ചെയ്യാൻ എപ്പോഴും ലഭ്യമാണ് എന്ന് അർത്ഥമാക്കുന്നില്ല. ജോലിക്കാർക്ക് ജോലി സമയത്തിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആക്കാം എന്ന രീതിയിലേക്കാവണം. സ്വിച്ച് ഓഫ് ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നയനിർമ്മാതാക്കൾ കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്’ – ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ പ്രഫസർ അന്ന കോക്സ് പറയുന്നു.
കോവിഡ് സമയത്ത് ഇന്ത്യയിൽ വർക്ക് ഫ്രം ഹോം തുടർന്നപ്പോഴും ജോലിസമയം അതിരുകടക്കുന്നതായി പരാതിയുണ്ടായിരുന്നു. മൂന്നിലൊരാൾക്ക് ജോലിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല, അടച്ചിടലും വീട്ടിലിരുന്ന് ജോലി ചെയ്യലും കാരണം പലർക്കും പ്രവൃത്തിദിനങ്ങളും വാരാന്ത്യങ്ങളും ഒരുപോലെയായി. സാമൂഹികമായ ഒറ്റപ്പെടലിന് പുറമെ
ഇടവേളകളില്ലാതെ ജോലി ചെയ്തത് പലരിലും മാനസിക പ്രശ്നങ്ങൾക്കും ഇടയായി. കോവിഡ് കാലത്തെ അടച്ചിടൽ പലരെയും മാനസികമായി തളർത്തിയതായി സൈക്കോളജിസ്റ്റുകൾ ചൂണ്ടികാട്ടിയിരുന്നു. ഇന്ത്യയിൽ മെച്ചപ്പെട്ട തൊഴിൽ-ജീവിത സാഹചര്യം ഉറപ്പാക്കാൻ ഇത്തരം നിയമനിർമ്മാണങ്ങളൊന്നുമില്ലാത്തത് ഒരുപക്ഷെ ജീവനക്കാരുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാമെന്നും അഭിപ്രായമുണ്ട്.