ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിനു മേൽ കാഴ്ചമറയ്ക്കുന്ന വിധം പിടിമുറുക്കി മൂടൽമഞ്ഞ്. സൂര്യന് ഒാറഞ്ചു നിറം നൽകി ഡൽഹിയ്ക്കു മേൽ വിഷമേഘങ്ങൾ നിറയുകയാണ്. നഗരത്തില അന്തരീക്ഷ വായുനില ഗുരുതരാവസ്ഥയിൽ തുടരുന്നു. നവംബർ ആദ്യം മുതൽ അപകടകരമായ മലിനീകരണ തോതു നേരിടുന്ന മേഖലയിലെ പല സ്ഥലങ്ങളിലും കാഴ്ചശക്തി 200 മീറ്ററിലേക്ക് ചുരുങ്ങി. വെള്ളിയാഴ്ച വൈകിട്ട് നാലോടെ വായു നിലവാര സൂചിക(എക്യുഐ) 471 ആയി ഉയർന്നു. വ്യാഴാഴ്ച ഇത് 411 ആയിരുന്നു.
ദീപാവലിക്കു ശേഷമുള്ള എട്ടു ദിവസങ്ങളിൽ ആറിലും ഏറ്റവും ഉയർന്ന തോതിലാണു വായു നിലവാര സൂചിക. നാലായിരത്തോളം വരുന്ന പാടശേഖരങ്ങളിൽനിന്നു വൈക്കോൽ കത്തിച്ചുണ്ടായ പുകയാണ് ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതിന്റെ ഒരു പ്രധാന കാരണം. ഡൽഹി മലിനീകരണ നിയന്ത്രണ കമ്മറ്റിയുടെ വിശകലന പ്രകാരം എല്ലാ വർഷവും നവംബർ ഒന്നു മുതൽ 15 വരെ ഏറ്റവും മലിനമായ വായുവാണു തലസ്ഥാന നഗരി ശ്വസിക്കുന്നത്.
ഫരീദാബാദ്–460, ഗാസിയാബാദ്–486 ഗ്രേറ്റർ നോയിഡ–478, ഗുരുഗ്രാം–448 , നോയിഡ–488 എന്നിങ്ങനെയാണ് ഡൽഹിയുടെ സമീപ പ്രദേശത്തെ വായു നിലവാര സൂചിക. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന സൂക്ഷ്മകണങ്ങളായ പിഎം 2.5 മൂലമുള്ള മലിനീകരണം വൈകിട്ട് നാലിന് ഒരു ക്യുബിക് മീറ്ററിൽ 381 മൈക്രോഗ്രാമാണ്.