തിരുവനന്തപുരം∙ അധ്യാപികമാർ സാരി ധരിച്ചു ജോലി ചെയ്യണമെന്ന നിയമം നിലവിലില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യവുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകർക്കു സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്നു സർക്കാർ ഉത്തരവിറക്കി.
സാരി ധരിച്ചു ജോലി ചെയ്യണമെന്നു നിർബന്ധമില്ലെന്നു സർക്കാർ പലതവണ വ്യക്തമാക്കിയിരുന്നു. എന്നാൽ ഡ്രസ് കോഡ് സംബന്ധിച്ചു കാലാനുസൃതമല്ലാത്ത പിടിവാശികൾ ചില സ്ഥാപന മേധാവികളും മാനേജ്മെന്റുകളും അടിച്ചേൽപ്പിക്കുന്നതായി അധ്യാപകർ പരാതിപ്പെട്ട സാഹചര്യത്തിലാണു സർക്കാർ നിർദേശം.