ലക്നൗ: ചിത്രക്കൂട് ബലാത്സംഗക്കേസിൽ ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതി ഉൾപ്പെടെ മൂന്നുപേരെ ലക്നൗ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗായത്രി പ്രജാപതിയുടെ കൂട്ടാളികളായ അശോക് തിവാരി, ആശിഷ് ശുക്ല എന്നിവരാണ് മറ്റ് രണ്ട് പേർ. കേസിൽ നാല് പ്രതികളെ കോടതി വേറുതേ വിട്ടു. വികാസ് വർമ്മ, രൂപേശ്വർ, അമരേന്ദ്ര സിംഗ് ( പിൻ്റു), ചന്ദ്രപാൽ എന്നിവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടത്.
യുവതിയെ മാനഭംഗപ്പെടുത്തുകയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ 2017ലാണ് പ്രജാപതിയെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ഗൗതംപള്ളി പൊലീസ് കേസെടുത്തത്.പരാതിയിൽ പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു.2017 ഫെബ്രുവരി 18ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, മാർച്ചിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.അന്നു മുതൽ ജയിലിലാണ്.