ന്യൂഡൽഹി∙ ഇന്ത്യയ്ക്ക് 1947ൽ ലഭിച്ചത് സ്വതന്ത്ര്യമല്ല, ‘ഭിക്ഷ’യാണെന്നും യഥാർഥ സ്വാതന്ത്ര്യം 2014 ൽ ആണു ലഭിച്ചതെന്നുമുള്ള ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ പരാമർശത്തിനെതിരെ വൻ വിമർശനം. കങ്കണയുടെ പത്മശ്രീ പുരസ്കാരം തിരിച്ചെടുക്കുകയും നടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആവശ്യപ്പെട്ടു.
‘കങ്കണയ്ക്ക് നൽകിയ പത്മ പുരസ്കാരം ഉടൻ പിൻവലിക്കണം. ഇത്തരം പുരസ്കാരങ്ങൾ നൽകുന്നതിന് മുൻപ് മനഃശാസ്ത്രപരമായ വിലയിരുത്തലുകൾ നടത്തണം. ഭാവിയിൽ ഇതുപോലുള്ളവർ രാജ്യത്തെയും മഹാത്മക്കളെയും അനാദരിക്കരുത്’– രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ ടാഗ് ചെയ്ത ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കങ്കണയുടെ പരാമർശം ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവർ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും സർദാർ വല്ലഭായ് പട്ടേലിനെയും അപമാനിച്ചെന്നും ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഇകഴ്ത്തിയെന്നും ആരോപിച്ചു.
ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ് കങ്കണ ‘മലാന ക്രീം’ (ഒരുതരം ഹാഷിഷ്) കഴിച്ചതായി തോന്നുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് പറഞ്ഞു. ‘കങ്കണയുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നു. അവർ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചു. കേന്ദ്രസർക്കാർ കങ്കണയിൽനിന്ന് പത്മശ്രീ പുരസ്കാരം തിരിച്ചെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണം’– അദ്ദേഹം ആവശ്യപ്പെട്ടു.
നടിക്കെതിരെ കേസെടുക്കണമെന്ന് ആം ആദ്മി പാർട്ടി മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. നടിയുടെ പരാമർശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് പ്രീതി ശർമ മേനോൻ പറഞ്ഞു. നടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ശിവസേന നേതാവ് നീലം ഗോർഹെയും ആവശ്യപ്പെട്ടു. ഡൽഹിയിൽ ഒരു ടിവി ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണ് കങ്കണ വിവാദ പരാമർശം നടത്തിയത്. പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് വരുൺ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.