ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ (13-ാം തീയതി) വൈകിട്ട് 4 മണിക്ക് ശേഷമോ 14-ാം തീയതി രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.03 അടിയായി. ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.