മലപ്പുറം: സംസ്ഥനത്ത് ആദ്യമായി ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറിയും ഇതിന്റെ നാല് നടത്തിപ്പുകാരും പിടിയിൽ. ഇവിടെ നടത്തിയ പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് 4 പേരെ പിടികൂടിയത്. മലപ്പുറം വേങ്ങര വട്ടപ്പൊന്ത ‘ എന്ന സ്ഥലത്താണ് ആളൊഴിഞ്ഞ ‘റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി പിടികൂടിയത്.
അന്വേഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടകടവന്‍ അഫ്സല്, (30), തിരൂരങ്ങാടി അഞനഗര് സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ (25) ഇതരസംസ്ഥാന തൊഴിലാളി ഡല്‍ഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം പോലീസിന്റെ പിടിയിലായത്.
ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് ആണ് പ്രതികളെ പിടികൂടിയത്. 5 ലക്ഷത്തോളം വില വരുന്ന 3 യൂണിറ്റുകളാണ് 5 മാസത്തോളമായി രാവും പകലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്കൃത വസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്നും പാക്കിംഗിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു’. രാത്രിയില്‍ ഫാക്ടറിയില്‍ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തികൊണ്ടു പോയിരുന്നത്.
ബീഡി നിര്‍മ്മാണം എന്നാണ് പ്രതികള്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിടികൂടിയ ഹംസക്ക് പട്ടാമ്പിയില്‍ 100 ചാക്കോളം ഹാന്‍സ് പിടികൂടിയതിന് കേസുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.