ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകാൻ സാധ്യത . ഇതുസംബന്ധിച്ച മാർഗരേഖ കേന്ദ്ര ആരോഗ്യമന്ത്രാലയം പത്ത് ദിവസത്തിനകം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. പല രാജ്യങ്ങളും ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണിച്ചതാണ് ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.കോവിഡ് പ്രതിരോധത്തിന് രണ്ട് ഡോസ് വാക്സിൻ മാത്രം മതിയെന്നാണ് ഐസിഎംആർ പറയുന്നത്. രാജ്യത്ത് നിലവിൽ 1,10,79,51,225 ഡോസ് വാക്സിനാണ് നൽകിയത്. 24 മണിക്കൂറിനിടെ 53,81,889 പേർക്കും വാക്സിൻ നൽകി.
അതേസമയം രാജ്യത്ത് ഒരു ദിവസത്തിനിടെ 12,516 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 13,155 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 3,38,14,080 ആയി ഉയർന്നു.501 മരണങ്ങളും 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 1.37 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. രാജ്യത്ത് ഇതുവരെ 4,62,690 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്.