തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്കുള്ള ചോറൂണ്, തുലാഭാരം വഴിപാടുകള്‍ പുനരാരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 20 മാസത്തോളമായി പത്തുവയസില്‍ താഴെയുള്ള കുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് നീക്കിയത്.
ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. ചൊവ്വാഴ്ച മുതല്‍ ക്ഷേത്രത്തിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുണ്ട്. പുലര്‍ച്ചെ അഞ്ചുമുതല്‍ പ്രഭാത ഭക്ഷണത്തോടെ പ്രസാദ ഊട്ട് ആരംഭിക്കും.
ശബരിമല തീർത്ഥാടകർക്ക് ക്ഷേത്രദർശനത്തിനായി പ്രത്യേക ക്യൂ സംവിധാനം ഒരുക്കും. വൃശ്ചികം ഒന്ന് മുതൽ ചുറ്റമ്പലത്തിനുള്ളിൽ കടന്നുള്ള ദർശനവും പ്രസാദഊട്ടും തുടങ്ങാൻ നേരത്തെ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. തീർത്ഥാടകർക്കാവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും നൽകാൻ വിവിധ ഭാഷകൾ അറിയുന്ന ജീവനക്കാരെ ഇൻഫർമേഷൻ സെന്ററിൽ നിയോഗിക്കാനും ഭരണസമിതി തീരുമാനിച്ചു.