കൊച്ചി: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.കേസിലെ മുഖ്യപ്രതി ജോസഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തരായ ഷാജഹാൻ, അരുൺ എന്നിവരുടെ ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്.
കേസിലെ പ്രതികളായ ടോണി ചമ്മണി ഉൾപ്പടെയുള്ളവർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കൊച്ചി മുൻമേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേർക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ.
6 ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. ഈ തുകയുടെ പകുതി കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ള. എട്ടു പ്രതികൾ ഉള്ള കേസിൽ ഒരാൾ 37500 വീതം നൽകണം എന്നാണ് കോടതിയുടെ നിർദ്ദേശം.
കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത്. നവംബർ ഒന്നിന് വൈറ്റിലയിൽ നടന്ന കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെയാണ് ജോജുവിന്റെ കാർ ആക്രമിക്കപ്പെട്ടത്. ജോജു യാത്ര ചെയ്ത ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്.വാഹനത്തിന്റെ അറ്റകുറ്റപ്പണിയ്ക്ക് ആറര ലക്ഷം രൂപ ചെലവു വരുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.